Friday, August 14, 2009

അങ്ങനെ ഒരു ഓണക്കാലത്തു …..

ആല്‍ത്തറയില്‍ പോസ്റ്റ് ചെയ്തത് [http://aaltharablogs.blogspot.com/2009/08/blog-post_14.html]


ആല്‍ത്തറയില്‍ നിന്നു മാണിക്യത്തിന്റെ അഭ്യര്‍ത്ഥന,, ആല്‍ത്തറയില്‍ ഓണാഘോഷത്തില്‍ പങ്കെടുത്ത് ഒരു ഓര്‍മ്മകുറിപ്പെഴുതാന്‍ അങ്ങനെ ഓണത്തെക്കുറിച്ചു പോസ്റ്റ് എഴുതാന്‍ തുടങ്ങി. നാട്ടിലെ അവധിക്കാലം ആസ്വദിച്ചു, ദോഹയില്‍ മടങ്ങി എത്തിയതു ഒറ്റക്കായതു കൊണ്ടും , എഴുതാന്‍സ്പിരിറ്റ്ഉണ്ടായിരുന്നതു കൊണ്ടും, ഒരു കൈ നോക്കാമെന്നു കരുതി.


കേരളത്തിലേയൊ, ഗള്‍ഫ് രാജ്യങ്ങളിലെയൊ, അമേരിക്കയിലേയോ ഇന്‍ഡ്യയിലെ മഹാനഗരങ്ങളിലേയൊ മലയാളികള്‍ക്കു ഇതു അല്‍ഭുതമായി തോന്നിയേക്കാം. “പ്രവാസിഎന്ന വാക്കിനു"ഇവരെയൊക്കെ മാത്രമാണല്ലൊ അര്‍ത്ഥമാക്കുന്നതു"( രാജസ്ഥാനിലും, ഗുജറാത്തിലും, ഹരിയനയിലും -- മഹാനഗരങ്ങലില്‍ നിന്നു അകന്നു -- ഗ്രാമ പ്രദേശങ്ങളില്‍ ഒരു ദ്വീപു നിവാസികളെ പൊലെ താമസിക്കുന്ന ആയിരക്കണക്കിനു മലയാളികള്‍ക്കു വേണ്ടി കുറിപ്പ്)

രാജസ്ഥാന്‍ -മദ്ധ്യപ്രദേശ്-ഗുജറാത്ത് എന്നീ മൂന്നു സംസ്ഥാനങ്ങളുടെ tri-junctionനില്‍ ആയിരുന്നു ബാസ്വാഡ എന്ന ജില്ല. ( സ്പെല്ലിങ് Banswara എന്നാണെങ്കിലും, സ്കേല്‍ വച്ചു അളന്നെടുത്തു പക്കാ മലയാളികളെ പ്പോലെ ബാന്സ്വാര എന്നൊന്നും വായിക്കല്ലെബാസ്വാഡ എന്നു തന്നെ വായിക്കണം). സ്ഥലം രാജസ്ഥാനില്‍. ഏറ്റവും അടുത്ത റേയില്‍വേ സ്റ്റേഷന്‍ 90 കി മി അകലെ. ബോംബേ-ഡെല്‍ഹി റൂട്ടിലുള്ള റത്‌ലാം സ്റ്റേഷന്‍ മദ്ധ്യപ്രദേശില്‍. അതിനു മുമ്പുള്ള സ്റ്റേഷന്‍ ദഹോദ് ഗുജറാത്തിലാണു. tri-junctionന്റെ എകദേശ രൂപം കിട്ടിയല്ലൊ.


പപ്പടം, കുമ്പളങ്ങ, മുരിങ്ങക്കായ……..മലയാളി കഴിക്കുന്ന ഒന്നും തന്നെ കിട്ടാനില്ല. രണ്ടു മാസത്തില്‍ ഒരിക്കല്‍ വല്ലപ്പൊഴും ബോംബെയില്‍ പോകാന്‍ കിട്ടുന്ന ഒഫിഷ്യല്‍ ട്രിപ്പുകളില്‍, കൈ നിറയെ പച്ചക്കറിയും പപ്പടവും വാങ്ങികൊണ്ട് വന്നു. നാട്ടില്‍ പോകുന്നവര്‍ കൊണ്ടു വരുന്ന ഒന്നൊ രണ്ടൊ കാസ്സെറ്റുകളായിരുന്നു ആകെ കണ്ട സിനിമകള്‍. പോസ്റ്റല്‍ ആയിട്ടായിരുന്നു കലാകൌമുദിയും മാതൃഭുമിയും വന്നിരുന്നതു. ടൈംസ് ഒഫ് ഇന്ഡ്യയുടെ ബോംബെ എഡിഷന്‍ കിട്ടിയതും രസകരമായ അനുഭവമാണു.

സ്വകാര്യ കമ്പനികളും, ട്രെയിന്‍ ഡ്രൈവര്‍മാരും കൂടി ഗവണ്മെന്‍റ്റിന്റെ ഖജനാവിലേക്കുള്ള എത്രയൊ വരുമാനം അടിച്ചു മാറ്റുന്നു എന്നറിഞ്ഞതു അപ്പൊഴാണു അമൃത്‌സാറിലെക്കുള്ള ഫ്രൊണ്ടിയര്‍ മെയില്‍ ബോംബെ സെന്‍ട്രലില്‍ നിന്നു പുറപ്പെടുന്നതു 8 മണിക്കാണു. ബോംബെ ഓഫീസിലെ കോറിയര്‍ പോകേണ്ട എല്ലാ കടലാസുകളും ഫയലുകളും ഒരു പ്ലാസ്റ്റിക് ബാഗിലാക്കി, ഒരാള്‍ ട്രെയിന്‍ ഡ്രൈവറെ ഏല്പ്പിക്കുന്നു. പിറ്റെ ദിവസം രാവിലെ 7 മണിക്കു രത്ലാം സ്റ്റേഷനില്‍ എത്തുന്ന വണ്ടി കാത്തു, കമ്പനിയിലെ ഡ്രൈവര്‍ എത്തിയിരിക്കും. 50 രൂപ ഡ്രൈവര്‍ക്കു കൊടുത്തു ബാഗ് വാങ്ങി കൊണ്ടുപോകുന്നു.

ബാസ്വാഡയില്‍ കിട്ടിയിരുന്നതു ടൈംസിന്റെ ഡെല്‍ഹി എഡിഷന്‍ ആയിരുന്നു. രാവിലെ 11 മണി ആയാലെ കിട്ടൂ. വര്‍ഷങ്ങളോളം ബോംബെ എഡിഷന്‍ വായിച്ചു രസിച്ചവര്‍ക്കു ഡെല്‍ഹി എഡിഷന്‍ തീരെ പിടിക്കില്ല. ബോംബെ ഓഫിസിലെ സെക്രട്ടറിയെ മണിയടിച്ചു, ദിവസേന വരുന്ന പ്ലാസ്റ്റിക് ബാഗില്‍ ഒരു ടൈംസും കൂടി, ഒരു ദിവസം വൈകീട്ടാണെങ്കിലും, ആര്‍ത്തിയോടെ വായിച്ചു രസിച്ചു.

അങ്ങനെ ഇരിക്കെയാണ്, ഓണാഘോഷം സംഘടിപ്പിക്കാന്‍ കുറച്ചു മലയാളികള്‍ തീരുമാനിച്ചത്. 15-20 കിലോമീറ്റര്‍ അകലെ ഒരു അയ്യപ്പന്‍ കോവിലുണ്ടെന്നും, ഒരു ചെറിയ ക്ലബ് ഹാള്‍ ഉണ്ടെന്നും, അവിടെ വച്ചു നടത്താമെന്നും, കുടുംബ സമേതം വരണമെന്നും ചില സംഘാടകര്‍ പറഞ്ഞു. തോമസ്, ജോയ് , ഉണ്ണികൃഷ്ണന്‍ --- തികച്ചും മതനിരപേക്ഷമായ ആഘോഷം.

കഴുത്തിലൂടെ തോര്‍ത്തുമുണ്ടു ചുറ്റി ഓടി നടക്കുന്ന കുറെ "മരുന്നു വീരന്‍മാര്‍" സജീവമായി പങ്കെടുത്തു. ഇതുപോലുള്ള ആള്‍ക്കാരെ കേരളത്തിലേക്കുള്ള തീവണ്ടികളിലും, ബാച്ചലര്‍ ക്വാര്‍ട്ടേര്‍സിലും കാണാം.എന്താണു കാരണം എന്നു ചോദിക്കരുതു. അതൊരു ഭംഗിയാണു. മഹാവിഷ്ണുവിനു സുദര്‍ശന ചക്രം പോലെ, പരമശിവനു സര്പ്പം പോലെ, മലയാളിക്കു തോര്‍ത്തുമുണ്ടു.

ക്ലബ് ഹാളിനുള്ളില്‍ ആദ്യം നടന്നതു ഭക്തിഗാനങ്ങളാണ്. പ്രധാനമായും അയ്യപ്പ ഭക്തി ഗാനങ്ങള്‍. പമ്പയില്‍ കുളിച്ചു തോര്‍ത്തി എതാണ്ടു ശരംകുത്തിയാറ്റില്‍ എത്താറയപ്പോഴാണു അതു സംഭവിച്ചത്. ഏരിയുന്ന കണ്ണുകളൊടെ ചില വിമതന്മാര്‍ അവിടെ എത്തി ഗായകരെ നോക്കി. 'ശ്രീശാന്തു പോലും ഡെസ്മൊണ്ട് ഹയ്ന്സിനെ' ഇങ്ങനെ നോക്കിയിട്ടുണ്ടവില്ല. ബലമായി മൈക്ക് പിടിച്ചു വാങ്ങി ഉത്തരാധുനീക ഗായകര്‍ പുതിയ ഗാനം പാടി. ഗുരുദേവ കീര്‍ത്തനം.


പിന്നീടു മല്‍സരമായിരുന്നു. ഒരു അയ്യപ്പ ഗാനം, അടുത്തതു ഗുരുദേവന്‍. വീണ്ടും അയ്യപ്പന്‍, പിന്നെ ഗുരുദേവന്‍. പതിനെട്ടാമ്പടി കയറുന്നതിനു മുമ്പു അടി പൊട്ടി. ശിവഗിരിയിലെ മഞ്ഞ ബനിയന്‍ പെരുന്നയിലെ നടുറോട്ടില്‍ കീറി എറിഞ്ഞു. തെക്കന്‍കേരളത്തിലെ ജാതി സ്പിരിറ്റ് ആദ്യമായി അറിഞ്ഞതു അന്നാണ്. പിന്നീടു ക്ലബ് നടത്തിപ്പിന്റെ കാര്യം പറഞ്ഞുള്ള തര്‍ക്കങ്ങള്‍, കൂക്കി വിളി, ഉന്തും തള്ളൂം, “ക്ലബ് ഹാളിനുള്ളില്‍ നിങ്ങള്‍ ശീട്ടു കളിച്ചാല്,ഞങ്ങള്‍ കള്ളുകുടിക്കുംഎന്നുള്ള "സാംസ്കാരിക നയം" വ്യക്തമാക്കല്‍….

എങ്ങനെയാണു രക്ഷപ്പെട്ടു ക്വാര്‍ട്ടെര്‍സില്‍ എത്തിയതെന്നു അറിയില്ല. വര്‍ഷങ്ങളോളം കാര്യം ആലോചിച്ചു ചിരിച്ചിട്ടുണ്ട്. ഇപ്പോഴും മനസ്സിലവാത്ത ഒരു കാര്യമുണ്ട് ശ്രീ നാരായന ഗുരു ഈഴവരുടെ ആളാണ് ..പക്ഷെ എന്നു മുതലാണു, അയ്യപ്പന്‍ നായന്മാരുടെ ആളായത് ?…

നന്മയുടെ ശാന്തിയുടെ സമാധാനത്തിന്റെ പ്രതികമായ മാവേലിയുടെ
വരവിനെ അനുസ്മരിച്ച് ഓണാഘോഷം നടത്തുമ്പോള്‍ വേണമായിരുന്നോ ഒരു അടികൂടല്‍ ..?

ഓണാശംസകളോടെ മനോവിഭ്രാന്തികള്‍

Thursday, July 9, 2009

ത്രിശൂരിലെ മോസ്ക്കൊ..............

ത്രിശൂര്‍‌ കാഞ്ഞാണി ബസ് റൂട്ടില്‍ മെയിന്‍ റോഡിനു ഇരുവശത്തുമായിട്ടാണു ഞങ്ങളുടെ വീടുകള്‍.റോഡിനപ്പുറത്ത് നാട്ടുകാര്‍ "മോസ്ക്കോ" എന്നു കളിയാക്കി വിളിച്ചിരുന്ന കൃഷ്ണന്‍കുട്ടിയേട്ടന്റെ ചായക്കട.ഗ്രാമത്തിലെ ചെറുപ്പക്കാര്‍ പ്രത്യയശാസ്ത്രത്തിന്റെ ബി സി പഠിച്ചത് ചായക്കടയുടെ തിണ്ണയില്‍ വച്ചായിരുന്നു. കടയിലെ ചില്ലിട്ടു വച്ച ഫോട്ടോയിലാണു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഖങ്ങള്‍ ആദ്യമായി കണ്ടത്.. എസ്, കെ ആര്‍ ഗൌരി, ടി വി തോമസ്, കെ സി ജോര്‍ജ്ജ്, മുണ്ടശ്ശേരി, വി ആര്‍ കൃഷ്ണയ്യര്‍..

പാര്‍ട്ടി ഓഫീസിനെക്കാള്‍ പ്രമുഖ്യം ചായക്കടക്കായിരുന്നു. അന്ന് രണ്ടു നിലയില്ല ഇടതു വശത്ത് കാണുന്ന കര്‍ട്ടനു പകരം അന്ന് മരം കൊണ്ടൂള്ള വാതില്‍ ആയിരുന്നു. കൊച്ചു മുറിക്കുള്ളില്‍ വാതില്‍ അടച്ചു പ്രാദേശിക നേതാക്കള്‍ യോഗം കൂടി. "അകത്ത് പി ബി കൂടുകയാണ്" എതിരാളീകള്‍ പരിഹാസത്തോടെയും ഞങ്ങളെ പോലുള്ള അനുഭാവികള്‍ അല്പം തമാശയോടെയും പറഞ്ഞു ചിരിച്ചു. കടയില്‍ വച്ച് ഡി വൈ എഫ് യോഗങ്ങളിലേക്കുള്ള നാടക റിഹേഴ്സല്‍ നടത്തി.ചില്ലലമാരയുടെ പുറകിലിരുന്ന് രാവുണ്ണി ആദ്യകാല കവിതകള്‍ ചൊല്ലി... ....




ഒരു കാര്യം തീര്‍ച്ചയാണ് കടയുടെ മുന്നിലൂടെ ഒരു കോണ്‍ഗ്രസ്സുകാരനും നെഞ്ചു വിരിച്ച് നടന്നിട്ടില്ല. ഒന്നുകില്‍ അവര്‍ സൈക്കിളില്‍ സ്പീഡില്‍ ഓടിച്ചു പോയി അല്ലങ്കില്‍ മുഖം മറച്ചു വേഗത്തില്‍ നടന്നു.

പാര്‍ട്ടി തോറ്റാല്‍, യൂത്ത് കോണ്ഗ്രസുക്കാര്‍ കടയുടെ മുന്നില്‍ വിജയാഘോഷം നടത്തി, കടയിലേക്ക് കല്ലെറിഞ്ഞു അലമാര പൊട്ടിച്ചു. പാര്‍ട്ടി ജയിച്ചാല്‍ കൃഷ്ണന്‍കുട്ടിയേട്ടന്‍ കടയില് നിന്ന് ഇറങ്ങി വന്ന് സ്ഥാനാര്‍ഥിയെ രക്തഹാരം അണിയിക്കും. എം എസ് തൃശൂരില് എത്തിയാല്‍, അന്ന് പിന്നെ കട ഉച്ചക്കു ശേഷം മുടക്കമാണ് !!!

മഞ്ഞ ഷര്‍ട്ടിട്ട് , പുള്ളി ടോര്‍ച്ചുമായി ഠൌണില്‍ പോയി പ്രസംഗം കേട്ടു .

പിറ്റേ ദിവസം എം എസ്ന്റെ ഓരോ വാചകങ്ങളും എല്ലാവരേയും കേള്‍പ്പിച്ചു....

നിയമസ്ഭാ അവലോകനം ആയിരുന്നു മറ്റൊരു ചൂടന്‍ വിഷയം ഒരാള്‍‌ ഉച്ചത്തില്‍ വായിക്കുന്നു, മറ്റുള്ളവര്‍ കേള്‍‌ക്കുന്നു, അഭിപ്രായം പറയുന്നു.എം വി രാഘവന്റെ ചൂടെറിയപ്രസം‌ഗത്തില്‍ പപ്പടവട പൊട്ടിതകര്‍ന്നു ...
സുഖിയന്റെ മധുരം പോലെ കണിയാപുരത്തിന്റെ ഈരടികള്‍ ...സീതിഹാജിയുടെ പരിഹാസം കടലക്കറിയിലല്‍ ഉള്ളി മൂപ്പിച്ചു... പുറമെയ്ക്ക് പരുക്കനും ഉള്ളില്‍ മൃദുവുമായ ഉഴുന്ന് വടയില് കാന്തലോട്ട് കുഞ്ഞമ്പു ചമ്മന്തി ചേര്‍ത്തു

അല്‍പ്പം അഭിമാനേത്തോടെ തന്നെ പറയട്ടെആറു പത്രങ്ങള്‍ക്കു വരിക്കാരനായി ഒരു നാട്ടിന്‍ പുറത്ത് ഒരു ചായക്കട കേരളത്തില്‍ വേറെ എവിടെയും ഉണ്ടെന്നു തോന്നുന്നില്ല. മാത്രുഭൂമി, മനോരമ, ദേശാഭിമാനി, എക്‌സ്പ്രസ്സ്..ദീപിക ഇന്ത്യന്‍ ഏക്‌സ്‌പ്രെസ്സ്" ചെറുപ്പക്കാര്‍ ഇംഗ്ലീഷ് വായിച്ചു പഠിക്കട്ടെ".. കൃഷ്ണന്‍കുട്ടിയേട്ടന്‍ പറഞ്ഞു.... പാര്‍ട്ടിയില്‍ നിന്നല്ല സ്വന്തം കയ്യില്‍ നിന്ന് പൈസ എടുത്താണ് ആറു പത്രങ്ങള്‍ വരുത്തിയത് എന്നും ഓര്‍ക്കുക

സാധാരണക്കാരില്‍ സാധാരണക്കാരായ ഗ്രാമീണര്‍ ആയിരുന്നു ഇവിടെ. എസ് കെ പൊറ്റക്കാടിന്റെ ദേശത്തിന്റെ കഥയിലെ കഥാപാത്രങ്ങള്‍ പോലെ ഗ്രാമീണരെ കൂടാതെ ഒരു സംസ്ഥാന ഗവണ്മെന്റ് ക്ലാസ്സ് ഫോര്‍ ജീവനക്കാരന്, ഒരു സെയില്‍ റ്റാക്‌സ് ഡ്രൈവര്‍, ഒരു ഫോറസ്റ്റ് ഗാര്‍ഡ്, ഒരു ഹെല്‍ത്ത് ഇന്സ്പെക്‌ടര്‍, സ്വന്തം പ്രാരബ്ദങ്ങള്ക്കിടയിലും ഇവര്‍ കാണിച്ചിരുന്ന പ്രതിബധത ഇപ്പോള്‍ അല്‍ഭുതപ്പെടുത്തുന്നു....

പരിപ്പു വടയും കട്ടന്‍ ചായയും കഴിക്കുന്നവരെ പരിഹസിക്കുന്ന നേതാക്കളും അന്നു പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ലാ...

2009 ജൂലൈ 5

തലേന്ന് രാത്രി രണ്ടെണ്ണം വീശിക്കൊണ്ട് രാഷ്ട്രീയ കാര്യങ്ങള്‍ പറഞ്ഞിരിക്കുമ്പോള്‍ തന്നെ മധു[അനിയന്] പറഞ്ഞു, കൃഷ്ണന്‍കുട്ടിയേട്ടന്‍ ഇപ്പോള്‍ അത്ര ആക്‌റ്റീവ് അല്ല- നിരാശനും, നിഷ്‌ക്രീയനും ....


പാര്‍ട്ടി വ്യക്തിയെ ആണൊ, വ്യക്തി പാര്‍ട്ടിയെ ആണൊ മറന്നത്?? .... ചോദ്യം നാട്ടിലെ ചരിത്ര വിദ്യാര്‍ദ്ധികള്‍ പഠിക്കട്ടെ.

കടയിലേക്ക് ചെന്നപ്പോള്‍ പഴയ അടുപ്പമൊ വാല്‍സല്യമോ ഇല്ലാ. ത്രിപുര അസംബ്ലി വിജയത്തില്‍ സന്തോഷിച്ചു അഗ്നിസ്ഫുല്ലിംഗങ്ങള്‍ നടത്തിയ ആള്‍ക്ക് മൂന്നാം വാര്‍ഡിലെ വിജയം പോലും ആഘോഷിക്കാന്‍ താല്‍പ്പര്യം ഇല്ലാത്ത പോലെ ..

രാഷ്ട്രീയം ഒട്ടും സംസാരിച്ചില്ലാ. ആകെ ചോദിച്ചത്.... "താടിയൊക്കെ നരച്ചു പൊയല്ലോ"

താടി മാത്രമല്ല, മനസ്സും നരച്ചില്ലേ?..... മറുപടി പറഞ്ഞില്ല...............