Thursday, July 9, 2009

ത്രിശൂരിലെ മോസ്ക്കൊ..............

ത്രിശൂര്‍‌ കാഞ്ഞാണി ബസ് റൂട്ടില്‍ മെയിന്‍ റോഡിനു ഇരുവശത്തുമായിട്ടാണു ഞങ്ങളുടെ വീടുകള്‍.റോഡിനപ്പുറത്ത് നാട്ടുകാര്‍ "മോസ്ക്കോ" എന്നു കളിയാക്കി വിളിച്ചിരുന്ന കൃഷ്ണന്‍കുട്ടിയേട്ടന്റെ ചായക്കട.ഗ്രാമത്തിലെ ചെറുപ്പക്കാര്‍ പ്രത്യയശാസ്ത്രത്തിന്റെ ബി സി പഠിച്ചത് ചായക്കടയുടെ തിണ്ണയില്‍ വച്ചായിരുന്നു. കടയിലെ ചില്ലിട്ടു വച്ച ഫോട്ടോയിലാണു ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ മന്ത്രിമാരുടെ മുഖങ്ങള്‍ ആദ്യമായി കണ്ടത്.. എസ്, കെ ആര്‍ ഗൌരി, ടി വി തോമസ്, കെ സി ജോര്‍ജ്ജ്, മുണ്ടശ്ശേരി, വി ആര്‍ കൃഷ്ണയ്യര്‍..

പാര്‍ട്ടി ഓഫീസിനെക്കാള്‍ പ്രമുഖ്യം ചായക്കടക്കായിരുന്നു. അന്ന് രണ്ടു നിലയില്ല ഇടതു വശത്ത് കാണുന്ന കര്‍ട്ടനു പകരം അന്ന് മരം കൊണ്ടൂള്ള വാതില്‍ ആയിരുന്നു. കൊച്ചു മുറിക്കുള്ളില്‍ വാതില്‍ അടച്ചു പ്രാദേശിക നേതാക്കള്‍ യോഗം കൂടി. "അകത്ത് പി ബി കൂടുകയാണ്" എതിരാളീകള്‍ പരിഹാസത്തോടെയും ഞങ്ങളെ പോലുള്ള അനുഭാവികള്‍ അല്പം തമാശയോടെയും പറഞ്ഞു ചിരിച്ചു. കടയില്‍ വച്ച് ഡി വൈ എഫ് യോഗങ്ങളിലേക്കുള്ള നാടക റിഹേഴ്സല്‍ നടത്തി.ചില്ലലമാരയുടെ പുറകിലിരുന്ന് രാവുണ്ണി ആദ്യകാല കവിതകള്‍ ചൊല്ലി... ....
ഒരു കാര്യം തീര്‍ച്ചയാണ് കടയുടെ മുന്നിലൂടെ ഒരു കോണ്‍ഗ്രസ്സുകാരനും നെഞ്ചു വിരിച്ച് നടന്നിട്ടില്ല. ഒന്നുകില്‍ അവര്‍ സൈക്കിളില്‍ സ്പീഡില്‍ ഓടിച്ചു പോയി അല്ലങ്കില്‍ മുഖം മറച്ചു വേഗത്തില്‍ നടന്നു.

പാര്‍ട്ടി തോറ്റാല്‍, യൂത്ത് കോണ്ഗ്രസുക്കാര്‍ കടയുടെ മുന്നില്‍ വിജയാഘോഷം നടത്തി, കടയിലേക്ക് കല്ലെറിഞ്ഞു അലമാര പൊട്ടിച്ചു. പാര്‍ട്ടി ജയിച്ചാല്‍ കൃഷ്ണന്‍കുട്ടിയേട്ടന്‍ കടയില് നിന്ന് ഇറങ്ങി വന്ന് സ്ഥാനാര്‍ഥിയെ രക്തഹാരം അണിയിക്കും. എം എസ് തൃശൂരില് എത്തിയാല്‍, അന്ന് പിന്നെ കട ഉച്ചക്കു ശേഷം മുടക്കമാണ് !!!

മഞ്ഞ ഷര്‍ട്ടിട്ട് , പുള്ളി ടോര്‍ച്ചുമായി ഠൌണില്‍ പോയി പ്രസംഗം കേട്ടു .

പിറ്റേ ദിവസം എം എസ്ന്റെ ഓരോ വാചകങ്ങളും എല്ലാവരേയും കേള്‍പ്പിച്ചു....

നിയമസ്ഭാ അവലോകനം ആയിരുന്നു മറ്റൊരു ചൂടന്‍ വിഷയം ഒരാള്‍‌ ഉച്ചത്തില്‍ വായിക്കുന്നു, മറ്റുള്ളവര്‍ കേള്‍‌ക്കുന്നു, അഭിപ്രായം പറയുന്നു.എം വി രാഘവന്റെ ചൂടെറിയപ്രസം‌ഗത്തില്‍ പപ്പടവട പൊട്ടിതകര്‍ന്നു ...
സുഖിയന്റെ മധുരം പോലെ കണിയാപുരത്തിന്റെ ഈരടികള്‍ ...സീതിഹാജിയുടെ പരിഹാസം കടലക്കറിയിലല്‍ ഉള്ളി മൂപ്പിച്ചു... പുറമെയ്ക്ക് പരുക്കനും ഉള്ളില്‍ മൃദുവുമായ ഉഴുന്ന് വടയില് കാന്തലോട്ട് കുഞ്ഞമ്പു ചമ്മന്തി ചേര്‍ത്തു

അല്‍പ്പം അഭിമാനേത്തോടെ തന്നെ പറയട്ടെആറു പത്രങ്ങള്‍ക്കു വരിക്കാരനായി ഒരു നാട്ടിന്‍ പുറത്ത് ഒരു ചായക്കട കേരളത്തില്‍ വേറെ എവിടെയും ഉണ്ടെന്നു തോന്നുന്നില്ല. മാത്രുഭൂമി, മനോരമ, ദേശാഭിമാനി, എക്‌സ്പ്രസ്സ്..ദീപിക ഇന്ത്യന്‍ ഏക്‌സ്‌പ്രെസ്സ്" ചെറുപ്പക്കാര്‍ ഇംഗ്ലീഷ് വായിച്ചു പഠിക്കട്ടെ".. കൃഷ്ണന്‍കുട്ടിയേട്ടന്‍ പറഞ്ഞു.... പാര്‍ട്ടിയില്‍ നിന്നല്ല സ്വന്തം കയ്യില്‍ നിന്ന് പൈസ എടുത്താണ് ആറു പത്രങ്ങള്‍ വരുത്തിയത് എന്നും ഓര്‍ക്കുക

സാധാരണക്കാരില്‍ സാധാരണക്കാരായ ഗ്രാമീണര്‍ ആയിരുന്നു ഇവിടെ. എസ് കെ പൊറ്റക്കാടിന്റെ ദേശത്തിന്റെ കഥയിലെ കഥാപാത്രങ്ങള്‍ പോലെ ഗ്രാമീണരെ കൂടാതെ ഒരു സംസ്ഥാന ഗവണ്മെന്റ് ക്ലാസ്സ് ഫോര്‍ ജീവനക്കാരന്, ഒരു സെയില്‍ റ്റാക്‌സ് ഡ്രൈവര്‍, ഒരു ഫോറസ്റ്റ് ഗാര്‍ഡ്, ഒരു ഹെല്‍ത്ത് ഇന്സ്പെക്‌ടര്‍, സ്വന്തം പ്രാരബ്ദങ്ങള്ക്കിടയിലും ഇവര്‍ കാണിച്ചിരുന്ന പ്രതിബധത ഇപ്പോള്‍ അല്‍ഭുതപ്പെടുത്തുന്നു....

പരിപ്പു വടയും കട്ടന്‍ ചായയും കഴിക്കുന്നവരെ പരിഹസിക്കുന്ന നേതാക്കളും അന്നു പാര്‍ട്ടിയില്‍ ഉണ്ടായിരുന്നില്ലാ...

2009 ജൂലൈ 5

തലേന്ന് രാത്രി രണ്ടെണ്ണം വീശിക്കൊണ്ട് രാഷ്ട്രീയ കാര്യങ്ങള്‍ പറഞ്ഞിരിക്കുമ്പോള്‍ തന്നെ മധു[അനിയന്] പറഞ്ഞു, കൃഷ്ണന്‍കുട്ടിയേട്ടന്‍ ഇപ്പോള്‍ അത്ര ആക്‌റ്റീവ് അല്ല- നിരാശനും, നിഷ്‌ക്രീയനും ....


പാര്‍ട്ടി വ്യക്തിയെ ആണൊ, വ്യക്തി പാര്‍ട്ടിയെ ആണൊ മറന്നത്?? .... ചോദ്യം നാട്ടിലെ ചരിത്ര വിദ്യാര്‍ദ്ധികള്‍ പഠിക്കട്ടെ.

കടയിലേക്ക് ചെന്നപ്പോള്‍ പഴയ അടുപ്പമൊ വാല്‍സല്യമോ ഇല്ലാ. ത്രിപുര അസംബ്ലി വിജയത്തില്‍ സന്തോഷിച്ചു അഗ്നിസ്ഫുല്ലിംഗങ്ങള്‍ നടത്തിയ ആള്‍ക്ക് മൂന്നാം വാര്‍ഡിലെ വിജയം പോലും ആഘോഷിക്കാന്‍ താല്‍പ്പര്യം ഇല്ലാത്ത പോലെ ..

രാഷ്ട്രീയം ഒട്ടും സംസാരിച്ചില്ലാ. ആകെ ചോദിച്ചത്.... "താടിയൊക്കെ നരച്ചു പൊയല്ലോ"

താടി മാത്രമല്ല, മനസ്സും നരച്ചില്ലേ?..... മറുപടി പറഞ്ഞില്ല...............

74 comments:

മനോഹര്‍ കെവി said...

രാഷ്ട്രീയം ഒട്ടും സംസാരിച്ചില്ലാ. ആകെ ചോദിച്ചത്.... "താടിയൊക്കെ നരച്ചു പൊയല്ലോ"

താടി മാത്രമല്ല, മനസ്സും നരച്ചില്ലേ?..... ആ മറുപടി പറഞ്ഞില്ല...............

മാണിക്യം said...

പഴകാലത്തിന്റെ ഓര്‍മ്മ വളരെ നന്നായി എഴുതിയിരിക്കുന്നു..
ഇന്റര്‍‌ നെറ്റും റ്റി വിയും ഇല്ലാതെ ഇരുന്നപ്പോഴാണോ മനുഷ്യര്‍ കൂടുതല്‍ ഇഴയടുപ്പത്തോടെ സം‌വേദിച്ചിരുന്നത് എന്ന് തോന്നിപ്പൊക്കുന്നു.
കൃഷ്ണന്‍കുട്ടിയേട്ടനെ പോലെ കറതീര്‍‌ന്ന സഖാക്കള്‍ ഇന്ന് എത്ര പേരുണ്‍ട്?
കഴിഞ്ഞു പോയ സുവര്‍‌ണ്ണകാലത്തിനു മുന്നില്‍ പ്രണാമം ..

നാട്ടിന്‍ പുറം നന്മകളാല്‍ സമൃദ്ധം എന്ന ചൊല്ല് അന്വര്‍‌ത്ഥമാക്കുന്ന ഈ പോസ്റ്റിനും‌ അഭിനന്ദനങ്ങള്‍‌
നല്ല കുറെ സ്മരണകള്‍ നിരത്തിയതിനു വളരെ നന്ദി ...

ആദ്യപോസ്റ്റ് തന്നെ ഇരുത്തി ചിന്തിപ്പിക്കുന്നതായി ഭാവുകങ്ങള്‍..

രഘുനാഥന്‍ said...

പ്രിയ മനോഹര്‍,....
മാണിക്യം പറഞ്ഞാണ് ഈ പോസ്റ്റിനെപ്പറ്റി അറിഞ്ഞത്....വളരെ നല്ല പോസ്റ്റ്‌....ബ്ലോഗ്‌ എഴുത്ത് വെറും പോസ്റ്റര്‍ എഴുത്തായി മാറിപ്പോകുന്ന ഈ സമയത്ത് താങ്കളുടെ പോസ്റ്റ്‌ വേറിട്ട്‌ നില്കുന്നു...

കൃഷ്ണന്‍ കുട്ടിയേട്ടനെപ്പോലെ നിഷ്ക്രിയരായിപ്പോയ പലരെയും എനിക്കറിയാം.. ഉദാഹരണം എന്റെ അച്ഛന്‍ തന്നെ . ഞാന്‍ അഞ്ചാം ക്ലാസില്‍ ഒക്കെ പഠിക്കുമ്പോള്‍ സ്കൂള്‍ ഫീസും മറ്റും വാങ്ങാനായി അടുത്ത്‌ തന്നെയുള്ള പാര്‍ട്ടി ഓഫീസില്‍ പോയാണ് ഞാന്‍ അച്ഛനെ കണ്ടിരുന്നത്‌.. ദേശാഭിമാനി മാത്രം വായിച്ചിരുന്ന അച്ഛന്‍ ഇപ്പോള്‍ ആ പത്രം കൈകൊണ്ടു തൊടില്ല..കൈരളി ചാനല്‍ കാണാറില്ല ...പാര്‍ടി കാര്യങ്ങളില്‍ ഒരു താത്പര്യവുമില്ല...ആകെ വായിക്കുന്നത് വി എസ് അച്ചുതാനന്ദനെ പറ്റി എന്തെങ്കിലും എഴുതിയിട്ടുണ്ടെങ്കില്‍ അത് മാത്രം.. !!! കറ കളഞ്ഞ കമ്മ്യു നിസ്റ്റുകാര്‍ നിഷ്ക്രിയരായില്ലെങ്കിലെ അത്ഭുതമുള്ളൂ ...

ഇനിയും എഴുതു.....ആശംസകള്‍ ......

keralafarmer said...

ഇത്തരം ചായക്കടകളില്‍ പ്രീയമുള്ള ഒന്നായിരുന്നു റേഡിയോ. കാര്‍ഷിക രംഗവും പ്രാദേശികവാര്‍ത്തകളും ഇവിടങ്ങളില്‍ തീര്‍ച്ചയായും ഒരു പകിട്ട് നല്‍കിയിരുന്നു. മാണിക്യം പറഞ്ഞാണ് ഞാനിവിടെ എത്തിയത്. പാഴായില്ല സത്യത്തിന്റെ മുഖമുള്ള നല്ലൊരു പോസ്റ്റ് വായിക്കുവാന്‍ കഴിഞ്ഞു.
പരുപ്പ് വടയുടെയും കട്ടന്‍ ചായയുടെയും യുഗത്തില്‍ നിന്ന് എയര്‍കണ്ടീഷന്‍ഡ് സംവിധാനവും, പറക്കാന്‍ വിമാനവും, കൊണ്ടുനടക്കാന്‍ ലാപ് ടോപ്പും ബ്ലാക്ക് ബെറിയും, കയ്യാളുന്നത് കോടികളും, ഭാഷയില്‍ അഹങ്കാരവും മറ്റും. ഇവരുടെ മുന്നില്‍ ജനത്തിന് പുല്ലുവില. വര്‍ഗീയ വിഷം ഇവരുടെയൊക്കെ ആയുധം. മനുഷ്യനെ ഇവര്‍ക്ക് കാണാന്‍ കഴിയില്ല. കണ്ണിന് തിമിരമാണ്.
അച്ചുതാനന്ദനുള്ള പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ശക്തമായ പാര്‍ട്ടി നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുന്നത്.

ശ്രീ said...

ബൂലോകത്തേയ്ക്ക് സ്വാഗതം.

ഒഴുക്കുള്ള, നാടിന്റെ ഓര്‍മ്മകള്‍ പകരുന്ന എഴുത്ത്. തുടരൂ... ആശംസകള്‍!

absolute_void(); said...

@മനോവിഭ്രാന്തികള്‍

പഴയ തലമുറയിലെ പാര്‍ട്ടിക്കാര്‍ പലരും - അതില്‍ തന്നെ പ്രത്യേകിച്ചു് കമ്മ്യൂണിസം കാല്‍പ്പനിക മോഹമായി കൊണ്ടുനടന്നവര്‍ - സിപിഎമ്മില്‍ നിന്നു് അകന്നു എന്നതു് യാഥാര്‍ത്ഥ്യമാണു്. അതിന്റെ കാരണങ്ങള്‍ ഏകപക്ഷീയമല്ല എന്നറിയുക. താങ്കള്‍ അങ്ങനെ ആരോപിച്ചിട്ടില്ല എന്നറിയാം. എങ്കിലും ഈ കുറിപ്പിലെ ധ്വനി അതാണെന്നു് തോന്നിയതുകൊണ്ടാണു് അങ്ങനെ എഴുതുന്നതു്.

തൊണ്ണൂറുകള്‍ക്കു് മുമ്പുള്ള പാര്‍ട്ടിയെ ഇനി തിരികെലഭിക്കില്ല. ആഗോള, ഉദാരവത്കരണങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തേയും ജീവിതശൈലിയേയും ചുറ്റുപാടുകളേയും മാറ്റിക്കഴിഞ്ഞു. അതില്‍ നിന്നു് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കു് മാത്രമായി ഒരു ഇന്‍സുലേഷനില്ല. പിന്നെ പഴയതെല്ലാം നല്ലതു്, ഇന്നത്തേതെല്ലാം തെറ്റു് എന്ന വാദം എത്രമാത്രം നിരര്‍ത്ഥകമാണു്? കാലം എല്ലാത്തിനേയും മാറ്റില്ലേ?

@രഘുനാഥന്‍,

താങ്കളുടെ അച്ഛനെപ്പോലുള്ളവരെ നിഷ്ക്രിയരാക്കി എന്നതാണു് വിഎസ് ഈ പാര്‍ട്ടിയോടു് ചെയ്ത, ചെയ്തുകൊണ്ടിരിക്കുന്ന ഏറ്റവും വലിയ ദ്രോഹം. ഈ പാര്‍ട്ടിയില്‍ പണ്ടും അഴിമതിക്കാരായ നേതാക്കള്‍ ഉണ്ടായിരുന്നു. വിഎസിന്റെ കൂടെയുണ്ടായിരുന്നകാലത്തു് അവരായിരുന്നു വിഎസിന്റെ വിശ്വസ്തര്‍ (ഉദാ: സത്യനേശന്‍, കടകംപള്ളി). അത്തരക്കാര്‍ എന്നുമുണ്ടാവുകയും ചെയ്യും. കാരണം ജനങ്ങളുടെ പാര്‍ട്ടിയായിരിക്കുവോളം എല്ലാത്തരം ആളുകളും കടന്നുവരികയും എല്ലാത്തരം സ്വഭാവക്കാരും ഇതിന്റെ ഭാഗവാക്കാവുകയും ചെയ്യും. ഇവരെയൊന്നും പിണറായി സെക്രട്ടറിയായതിനു് ശേഷം മാത്രം പാര്‍ട്ടിയിലേക്കു് കൊണ്ടുവന്നതല്ലല്ലോ.

എന്നാല്‍ പാര്‍ട്ടിയിലെ ശക്തമായ വിഭാഗീയതയാണു് ഇന്നു് ഇത്തരക്കാരുടെ തുറുപ്പുചീട്ടു്. കാരണം വിഭാഗീയത ശക്തമാവുമ്പോള്‍​അതിന്റെ ഉപയോഗത്തിനായി ധാരാളം പണം വേണ്ടി വരും. അപ്പോള്‍ പണംപിരിക്കാന്‍ മിടുക്കുള്ളവര്‍ക്കു് പ്രാമുഖ്യം കിട്ടും. അവര്‍ ഏതുതരക്കാരാണെന്നോ എങ്ങനെയാണു് പണം പിരിക്കുന്നതെന്നോ അപ്പോഴാരും നോക്കില്ല. അതില്‍ ഗ്രൂപ്പ് വ്യത്യാസങ്ങളില്ല.

വിഭാഗീയതയെ തെരുവിലേക്കു് കൊണ്ടുവരുന്നതിനു് മുമ്പു്, ഈ പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം, ഇത്തരം ആള്‍ക്കാര്‍ ഏതെങ്കിലും ഘട്ടത്തില്‍ ശിക്ഷാനടപടിക്കു് വിധേയരായി പാര്‍ട്ടിയില്‍​നിന്നു് പുറത്തുപോകുമായിരുന്നു. ചിലപ്പോള്‍ ഒരു പക്ഷെ അവിടിരുന്നു് പുഴുത്തുനാറിയശേഷമാകാം അങ്ങനെ സംഭവിക്കുന്നതു്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത വിദൂരമാണു്. ആ അവസ്ഥ സൃഷ്ടിച്ചതില്‍ മറ്റാരേക്കാളും പങ്കു് വിഎസിനാണുതാനും.

ഇന്നത്തെ നിലക്കു് അഴിമതിക്കാരായ നേതാക്കള്‍​പലപ്പോഴും മുഖ്യാനസങ്ങളിലേക്കു് പരിഗണിക്കപ്പെടുകയും ജനങ്ങളോടു് അടുപ്പമുള്ള നല്ല നേതാക്കള്‍ പലരും വിഭാഗീയതയില്‍ മനംമടുത്തു് നിശബ്ദരാവുകയും ചെയ്യുന്നു. വാസ്തവത്തില്‍ നന്മയുള്ള കമ്മ്യൂണിസ്റ്റുകാര്‍ എത്രമാത്രം വിഎസിനൊപ്പമുണ്ടോ, അതേ പോലെ തന്നെ ഔദ്യോഗികവിഭാഗം എന്നറിയപ്പെടുന്ന പാര്‍ട്ടിക്കൊപ്പവുമുണ്ടു്. എന്നാല്‍​നമുക്കു് വേണ്ടതു് രൂപകങ്ങളെയാണു്. അതുകൊണ്ടു് പാലൊളി മുഹമ്മദ് കുട്ടിയെ നമ്മള്‍ കാണില്ല. അതേ സമയം വിഎന്‍ വാസവനെ കാണുകയും ചെയ്യും. അതാണു് നമുക്കു് സൌകര്യം. അപ്പോള്‍ മാത്രമേ നമുക്കു് ഇരയേയും വേട്ടക്കാരനേയും ഡിഫൈന്‍ ചെയ്യാന്‍ പറ്റൂ.

പ്രതിഛായാനിര്‍മ്മാണയത്നത്തിനിടയില്‍ വിഎസ് വരുത്തിയ ഏറ്റവും വലിയ വിന, പാര്‍ട്ടിയെന്നാല്‍ അഴിമതിക്കാരുടെ കൂടാരമാണെന്നും താനും തന്നോടൊപ്പമുള്ളവരുമാണു് അതിനെതിരെ പോരാടുന്നതെന്നും തങ്ങളാണു് യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരെന്നുമുള്ള വ്യാജമായ ഒരു ബോധം നിഷ്കളങ്കമനസ്സുകളിലേക്കു് പകര്‍ന്നുകൊടുത്തു എന്നതാണു്. അതിനു് തീര്‍ച്ചയായും മാധ്യമങ്ങളുടെ സഹായവും ലഭിച്ചിട്ടുണ്ടു്. അതിനാലാണു് മന്ത്രിസഭയ്ക്കു് മന്ത്രിമാരുടെ മക്കള്‍ തലവേദനയാകുന്നു എന്നു് ആരോപിക്കുമ്പോള്‍ കോടിയേരിയുടെയും ശ്രീമതിയുടെയും ബേബിയുടെയും മക്കളെക്കുറിച്ചു് മാത്രം ആലോചിക്കുന്നതും വിഎസിന്റെ മക്കളെ വെളുതേവിടുന്നതും.

ഇത്തരം നിര്‍മ്മിത ഛായകളില്‍ എത്രമാത്രം യാഥാര്‍ത്ഥ്യമുണ്ടു് എന്നറിയുന്നതു് പലപ്പോഴും വ്യക്തിയുടെ മരണശേഷമാവും. അഴീക്കോടന്‍ രാഘവനാണു് ടിപ്പിക്കല്‍ ഉദാഹരണം. അദ്ദേഹത്തെക്കുറിച്ചു് എന്തൊക്കെ നിറംപിടിപ്പിച്ച വാര്‍ത്തകളാണു് മാധ്യമങ്ങളില്‍​നിറഞ്ഞതു്? വലിയ രണ്ടുനിലമാളിക പണിയിപ്പിച്ചെന്നും മറ്റും മറ്റും... ഒടുവില്‍ അദ്ദേഹം കൊല്ലപ്പെട്ടതിനു് ശേഷം മാത്രമാണു്, അദ്ദേഹത്തിനു് സ്വന്തമായി ഒരുവീടുപോലും ഇല്ലായിരുന്നുവെന്നു് മനസ്സിലാകുന്നതു്.

absolute_void(); said...

@കേരളഫാര്‍മര്‍,

ശശി തരൂരിനു് ബ്ലാക്ക് ബെറിയുണ്ടു്. അതില്‍ നിന്നു് ട്വീറ്റ് ചെയ്യാം. അതാണു് ജനാധിപത്യത്തിന്റെ പരമാഷ്ഠ എന്നു് അങ്ങു് തന്നെയല്ലേ എഴുതിപ്പിടിപ്പിച്ചതു്? കമ്മ്യൂണിസ്റ്റുകാര്‍ മാത്രം പഴയ പോര്‍ട്ടബിള്‍ എഫ്എം റേഡിയോ ഉപയോഗിക്കണമെന്നും അല്ലാത്തവര്‍ക്കു് ബ്ലാക്ക് ബെറി അലങ്കാരമാണെന്നുമാണോ പറഞ്ഞുവരുന്നതു്? "ജോസ്മോന്‍" ലാപ്ടോപ്പിലാണു് യൂത്ത് ഫ്രണ്ട് (എം)ന്റെ മെമ്പര്‍ഷിപ്പ് പട്ടിക സൂക്ഷിക്കുന്നതു് എന്നു് മനോരമയെഴുതുമ്പോള്‍ പുളകംകൊള്ളുകയും കമ്മ്യൂണിസ്റ്റുകാര്‍ ലാപ്‌ടോപ്പ് ഉപയോഗിച്ചാല്‍ ആകാശമിടിഞ്ഞുവീഴുമെന്നു് ധരിക്കുകയും ചെയ്യുന്നതു് രോഗമാണോ അതോ ഇരട്ടത്താപ്പാണോ? ഈ വര്‍ഗ്ഗീയവിഷം എന്നു് പറയുന്ന സാധനം പോപ്പുലര്‍ ഫ്രണ്ടില്‍ ഇല്ലാത്തതും പിഡിപിയില്‍ ഉള്ളതുമായിരിക്കുമല്ലോ, അല്ലേ?

keralafarmer said...

സെബിന്‍
എനിക്കായി മാത്രം ഒരു കമെന്റിട്ടു. അതിന് മറുപടി പറയാതിരിക്കുന്നത് ശരിയല്ലല്ലോ.
"ശശി തരൂരിനു് ബ്ലാക്ക് ബെറിയുണ്ടു്. അതില്‍ നിന്നു് ട്വീറ്റ് ചെയ്യാം. അതാണു് ജനാധിപത്യത്തിന്റെ പരമാഷ്ഠ എന്നു് അങ്ങു് തന്നെയല്ലേ എഴുതിപ്പിടിപ്പിച്ചതു്?"
ബ്ലക്ക് ബെറി ഉണ്ടായാല്‍ മാത്രം പോര അത് ജനാധിപത്യത്തിനുതകുന്ന രീതിയില്‍ പ്രയോഗിക്കുകയും വേണം. കമ്യൂണിസ്റ്റുനേതാക്കള്‍ക്ക് അതുപയോഗിക്കാന്‍ പോളിറ്റ് ബ്യൂറോയുടെ അനുവാദം വേണ്ടിവരും.
"കമ്മ്യൂണിസ്റ്റുകാര്‍ മാത്രം പഴയ പോര്‍ട്ടബിള്‍ എഫ്എം റേഡിയോ ഉപയോഗിക്കണമെന്നും അല്ലാത്തവര്‍ക്കു് ബ്ലാക്ക് ബെറി അലങ്കാരമാണെന്നുമാണോ പറഞ്ഞുവരുന്നതു്?"
ഒരിക്കലുമല്ല കമ്യൂണിസ്റ്റുകാര്‍ക്കും റേഡിയോയും ബ്ലാക്ക് ബെറിയും ജന നന്മക്കായി ഉപയോഗിച്ചാല്‍ അതിലാരും പരാതി പറയില്ല. "ജോസ്മോന്‍ ലാപ്ടോപ്പിലാണു് യൂത്ത് ഫ്രണ്ട് (എം)ന്റെ മെമ്പര്‍ഷിപ്പ് പട്ടിക സൂക്ഷിക്കുന്നതു് എന്നു് മനോരമയെഴുതുമ്പോള്‍ പുളകംകൊള്ളുകയും കമ്മ്യൂണിസ്റ്റുകാര്‍ ലാപ്‌ടോപ്പ് ഉപയോഗിച്ചാല്‍ ആകാശമിടിഞ്ഞുവീഴുമെന്നു് ധരിക്കുകയും ചെയ്യുന്നതു് രോഗമാണോ അതോ ഇരട്ടത്താപ്പാണോ?"
ജോസ് മോന്‍ ലാപ്ടോപ്പില്‍ മെമ്പര്‍ഷിപ്പ് സൂക്ഷിക്കുന്നതിനേക്കാള്‍ നല്ലകാര്യം എന്താണഅ? ഏറവും കൂടുകല്‍ കമ്പൂട്ടറിനെ എതിര്‍ത്തവര്‍ കമ്യൂണിസ്റ്റുകാര്‍ തന്നെയല്ലെ? എന്നിട്ടിപ്പോള്‍ അത് വേണമെന്ന് തോന്നിത്തുടങ്ങിയില്ലെ? പിന്നെ രോഗം എന്നത് മതേതരത്വം എന്നപോലെ രാഷ്ട്രീയേതരത്വം (ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പെടാത്തവന്‍) എന്നതുതന്നെ.
"ഈ വര്‍ഗ്ഗീയവിഷം എന്നു് പറയുന്ന സാധനം പോപ്പുലര്‍ ഫ്രണ്ടില്‍ ഇല്ലാത്തതും പിഡിപിയില്‍ ഉള്ളതുമായിരിക്കുമല്ലോ, അല്ലേ?"
ഈ വര്‍ഗീയ വിഷം ഇടത് വലത് വ്യത്യാസമില്ലാതെ എല്ലാ പാര്‍ട്ടിക്കാരും കൊണ്ടു നടക്കുന്ന ഒന്നുതന്നെ. ഒരുകാലത്ത് ഇടത് പാര്‍ട്ടികള്‍ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ ശ്രമിച്ചിരുന്നു. ഇപ്പോള്‍ അതും നഷ്ടമായില്ലെ?

keralafarmer said...

സെബിന്‍ കഴിഞ്ഞ കമെന്റില്‍ ചേര്‍ക്കാന്‍ വിട്ടുപോയി. ശശിതരൂരിന്റെ ട്വീറ്റ്സിനെപ്പറ്റി അഭിനന്ദിക്കാനല്ലാതെ എന്താണ് പറയാന്‍ കഴിയുക.

Unknown said...

സെബിന്‍ ഇവിടെ സാമാന്യം ദീര്‍ഘമായ കമന്റ് എഴുതിയിട്ടുണ്ടല്ലൊ അല്ലേ. അതിനു ശേഷമായിരിക്കും എന്റെ ബ്ലോഗ് കണ്ടിരിക്കുക. സാരമില്ല ഇതിനു മുന്‍പും എന്റെ പോസ്റ്റ് അടിച്ചു മാറ്റി ചിലര്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. അവിടെ ഒരു സ്മൈലി ഇട്ടതില്‍ പിന്നെ ഞാന്‍ അങ്ങോട്ട് പോയിട്ടില്ല. ബഹളം വെക്കാനൊന്നും എന്നെക്കൊണ്ടാവില്ല. ശ്രദ്ധയില്‍ പെടുത്തിയതിനു നന്ദി. ഊരും പേരും ഇല്ലാതെ എന്ത് പേരില്‍ ബ്ലോഗ് തുടങ്ങിയാലും സ്വാഗതം ചെയ്യാന്‍ ആളുകള്‍ ഉണ്ടല്ലൊ. ബൂലോഗം എങ്ങനെയെങ്കിലും വളരട്ടെ. ഒരു സങ്കടമേയുള്ളൂ, ഈ മാറ്റര്‍ എനിക്കയച്ചു തന്ന ആ‍ സുഹൃത്തിനു ഒരു ബ്ലോഗ് തുടങ്ങി ഇത് പ്രസിദ്ധീകരിക്കാമായിരുന്നു.


ഇതിവിടെ പുന:പ്രസിദ്ധീകരിച്ച് ചര്‍ച്ചയ്ക്ക് വഴിയൊരുക്കിയ ഈ ബ്ലോഗുടമയ്ക്കും നന്ദി!

Madhavikutty said...

അങ്ങനെ ഒരു കാലം!!!!!!!!!!!
ഇങ്ങനെ നെടുവീര്പ്പിടാന്‍് ഉള്ള കാലം ഇത്!
ഇനിയും എഴുത്‌ു‌

മനോഹര്‍ കെവി said...

After I sent this piece as a Mail to Mr Sukumaran, I got several mails to make it popular. Suku has done this post on his Blog ,with my permission. I repeat.

Later I thought to have my own...this is the same one.

Suku, sorry for the confusion.

മനോഹര്‍ കെവി said...

ഈ ബ്ലോഗും പ്രതികരണങ്ങളും "ഹൈജാക്ക്" ചെയ്യപ്പെടുമോ എന്ന് ഞാന് ഭയപ്പെടുന്നു !!! എന്റെ ഗ്രാമത്തിലെ ഒരു ചായക്കടയെ കുറിച്ചുള്ള ഒരു ബ്ലോഗ് - അത്രയേ ഉദ്ദേശിച്ചുള്ളൂ. ഇതൊരു രാഷ്ട്രീയ ബ്ലോഗ് ആയിരുന്നില്ല. -- ഒരിക്കലും..
പാര്ട്ടിയിലെ ഒരു നേതാവ് "ദേവനും" മറ്റൊരാള് "അസുരനും" ആണെന്ന മട്ടില് മാധ്യമങ്ങള് (both visual and printed ) കാണിക്കുന്ന കോപ്രായങ്ങളില്, പല വിദേശ ഇന്ത്യക്കാരും മയങ്ങി വീണിരിക്കുന്നു. ഗള്ഫിലെ മലയാളികളും ഇങ്ങനെ തന്നെ. "ആപ്പിള് മരത്തിലെ ഒരു ആപ്പിള് മാത്രം നല്ലത്" --- തക്കം കിട്ടിയപ്പോഴോക്കെ ആ മരത്തെ വെട്ടി നശിപ്പിക്കാന് ശ്രമിച്ചവരാണ് ഇപ്പോള് ഉപദേശവുമായി ഇറങ്ങിയിരിക്കുന്നത്.
അത് പോട്ടെ, രാഷ്ട്രീയം മാറ്റിവച്ച് ബ്ലോഗിനെ പറ്റി മാത്രം കമന്റുക

Unknown said...

ഞാന്‍ അത് ബ്ലോഗില്‍ പബ്ലിഷ് ചെയ്ത വിവരം അപ്പോള്‍ തന്നെ മെയില്‍ ചെയ്തിരുന്നു. സാരമില്ല എന്റെ പോസ്റ്റ് ഡിലീറ്റ് ചെയ്യുന്നു.

സ്നേഹാശംസകളോടെ,

ജനശക്തി said...

ആ ചായക്കടയുടെ പോസ്റ്റിലൂടെ പറയാന്‍ ശ്രമിച്ചതും രാഷ്ട്രീയം തന്നെ അല്ലേ? രാഷ്ട്രീയം പറയേണ്ട എങ്കില്‍ പിന്നെ “സ്വാഗതം” എന്നൊക്കെയോ പറയാന്‍ പറ്റൂ..:) കമ്മ്യൂണീസ്റ്റ് വിരുദ്ധര്‍ക്ക് ഈ പോസ്റ്റ് എന്തുകൊണ്ട് ഇഷ്ടപ്പെടുന്നു എന്നത് ആലോചിക്കേണ്ട വിഷയവും ആണ്.

Anonymous said...

കമ്മ്യൂണിസ്റ്റ് വിരുദ്ധര്‍ നിമിത്തം ഒരഴിമതി നടത്താന്‍ പോലും കഴിയാതായി. ലാവലിന്‍ കേസ് നടത്താന്‍ 30 കോടി പിരിക്കുന്നുണ്ട്. കേസ് പതിറ്റാണ്ടുകള്‍ നീളും. പണം കൈയിലായി. എങ്ങനെയും പണം. ഇനി പാര്‍ട്ടി ശുദ്ധീകരിച്ച് കീടത്തെ പുറന്തള്ളിയാല്‍ പിന്നെ ചാകര തന്നെ. വിപ്ലവം ജയിക്കട്ടെ!

smitha adharsh said...

തുടക്കം കലക്കിയല്ലോ മനോഹര്‍ ജീ...നല്ലൊരു വെടിക്കെട്ട് പോസ്റ്റും,കൂടെ ഒരു തര്‍ക്കത്തിനുള്ള വെടിമരുന്ന് വിതറലും....കൊള്ളാം നടക്കട്ടെ....വിഷമത്തോടെ ഒന്ന് ഞാന്‍ പറയട്ടെ,അന്ന് ഞാന്‍ ജനിച്ചില്ലല്ലോ,ഉണ്ടായിരുന്നെങ്കില്‍,ആ കൃഷ്ണന്‍ കുട്ടിയേട്ടന്‍റെ ചായക്കടയിലെ ചില്ലലമാര കല്ല്‌ എറിഞ്ഞു പൊട്ടിക്കാന്‍ ഞാനും ഉണ്ടായിരുന്നേനെ..
ഒരു വാല് : അങ്കിളേ, ഗുരുദക്ഷിണ കിട്ടിയില്ല.ബ്ലോഗ്‌ തുടങ്ങാന്‍ വഴി പറഞ്ഞു തന്നില്ലേ? സ്മരണ വേണം..കേട്ടോ..
അടുത്ത പോസ്റ്റും,വെടിക്കെട്ടും ഉടനെ ഉണ്ടാവോ?

Unknown said...

പ്രിയ മനോഹര്‍ ........
ഈ ആശയവിനിമയ വിഭാഗത്തിലേക്ക് കാലെടുത്ത് വച്ചതില്‍ സന്തോഷം .............
താങ്കള്‍ എഴുതിയതും അതിനു ഈ വിഭാഗത്തിലെ ചില "രാജാക്കന്മാര്‍ " (ഈ പ്രയോഗം നല്ല അര്ഥത്തില് ആണ്) എഴുതിയ അഭിപ്രായങ്ങളും വായിച്ചു. ഒരു പ്രവാസി എന്ന നിലയില്‍ അതിലെ ആശവും മനസ്സും ഞാന്‍ വായിച്ചറിഞ്ഞു . എന്നാല്‍ അതില്‍ ഒരു വിഭാഗീയ രാഷ്ട്രീയം ഒളിഞ്ഞിരിപ്പുണ്ട് .ഒരു പക്ഷം ചേരാന്‍ ‍ ഭു‌രിപക്ഷ മാധ്യമങ്ങളും ചേര്‍ന്ന് നമ്മളെ പാകപ്പെടുത്തി എന്നും അറിയാം. മാധ്യമങ്ങള്‍ ചവച്ചു തുപ്പിയതും ഓക്കാനിച്ച്ചതും വീണ്ടും വായിക്കേണ്ടി വന്നതില്‍ വിഷമം ഉണ്ട് .പരാജിതരെ ആശ്വസിപ്പിക്കാനും പരിതപിപ്പിക്കാനും ആണ് എന്നും ജനത്തിന് ഇഷ്ട്ടം, അത് ഭു‌രിപക്ഷ മാധ്യമങ്ങളും അവരുടെ വിജയത്തിനായ്‌ നല്ലവണ്ണം പ്രയോജനപ്പെടുന്നുണ്ട്‌ .( ആ വിജയ പരീക്ഷണം ഇവിടെയും പ്രയോജനപ്പെടുത്തുന്നത് ആണോ?) ഇടതിന്റെയും വലതിന്റെയും വേര്തിരിവിന്റെ വരമ്പുകള്‍ കേരളത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. കേരളത്തില്‍ ഇനി വിപ്ലവ പാര്‍ട്ടികള്‍ക്ക് ഇനി പ്രസക്തി ഉണ്ടോ? . അവരെ ഇപ്പോള്‍ വേണ്ടത് വടക്കേ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ ആണ് .ഒരാളെ ബീഹാറിലും ഒരാളെ ഒറീസയിലും നിയമിക്കുന്നതായിരിക്കും ഉചിതം .......!!! ഈ സംവാദങ്ങള്‍ കാര്ടുനുകളിലും ഹാസ്യ കോളങ്ങളിലും ഒതുങ്ങേണ്ട കാലം കഴിഞ്ഞില്ലേ. ഞാന്‍ ഒരു സാക്ഷി പോലും അല്ല വെറും ദുരെ നിന്ന് കാണുന്ന/ കേള്‍ക്കുന്ന ഒരാള്‍ മാത്രം ........എന്റെ വാക്കുകളില്‍ തെട്ടുണ്ട്ടെങ്കില്‍ തിരുത്തണം .......
സ്നേഹപൂര്‍വ്വം ബേബി ...........

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

മനസ്സും നരക്കുന്നു..

veruthe said...

ഒരു പ്രതികരണം എഴുതാന്‍ ആഞ്ഞതാണ്. ഇത്രയൊക്കെ ആയിട്ടും മലയാളത്തില്‍ ഇങ്ങിനെ ഒന്ന് എഴുതാന്‍ താങ്കള്‍ക്കിപ്പോഴും കഴിയുന്നല്ലോ എന്ന് അസൂയപ്പെടുന്നു. വീട്ടിലെ വരാന്തയില്‍നിന്നുള്ള ചായക്കടയുടെ കാഴ്ചയും ഗ്രഹാതുരത ഉണര്‍ത്തുന്നതായി. പിന്നെ മാറാത്തവര്‍ ആരാണുള്ളത്? അന്നു പാര്‍ട്ടിയുടെ പ്രധിരോധതിന്റെ ഭാഗമായി അക്ഷരമാരിയാവുന്നവര്‍ കവിതയും നാടകവുമെഴുതി. അടുത്ത് നാട്ടില്പ്പോയപ്പോള്‍ പഴയ സഖാക്കള്‍ തന്നെ പറഞ്ഞുകേട്ടത് ഇന്നിപ്പോള്‍ അവരെല്ലാം പാര്‍ടിയുടെ പുതിയ പ്രധാന തൊഴിലിലെ പ്രധാനികള്‍ ആണെന്നാണ്.

അബ്ദുണ്ണി said...

how many 'krishanan kutiyettanmar' in kerala. depsarate and hopeless about a party for which they spend their life

മനോഹര്‍ കെവി said...

ജനശക്തി പറഞ്ഞതില്‍ ഒരു വാസ്തവം ഒളിഞ്ഞിരിപ്പുണ്ട്. എന്ത് കൊണ്ടാണ് കമ്മൂണിസ്റ്റ്‌ വിരുദ്ധര്‍ക്ക് എന്റെ പോസ്റ്റ്‌ ഇത്ര അധികം ഇഷ്ടപ്പെട്ടത്. കമ്മൂണിസ്റ്റ്‌ വിരുദ്ധര്‍ തന്നെ ഉത്തരം പറയട്ടെ.

മാധവീ, നന്ദി - കമന്റിയതിനു , നെടുവീര്പ്പിന്റെ രോഷം മനസ്സിലാക്കിയതിനും.
വീണ്ടും എഴുതാന്‍ ശ്രമിക്കാം . ഈ ഗൂഗിള്‍ ഫോണ്ട് എന്നെ വിഷമിപ്പിക്കുന്നു.

ബേബി, നന്ദി. താങ്കളുടെ വികാരം ഞാന്‍ മനസിലാക്കുന്നു. മാധ്യമങ്ങള്‍ തന്ത്രപൂര്‍വ്വം സൃഷ്ടിച്ചെടുത്ത "നായകന്‍" നേതാവും, "വില്ലന്‍" നേതാവും ഇവര്‍ അതുപോലെ തന്നെ വിഴുങ്ങി ഏമ്പക്കം വിടുന്നു. പ്രത്യയശാസ്ത്ര പരമായ ഒരു പോംവഴിയും ഇവര്‍ നിര്‍ദേശിക്കുന്നില്ല. എല്ലാം വ്യക്തിപരമാണ്.

മനോഹര്‍ കെവി said...

സ്മിതാ.... ചെന്നിത്തലയും ചാണ്ടിയും കൂടി കുട്ടികളെ ഇത്തരത്തില്‍ ട്രെയിനിംഗ് നടത്തി വിടുന്നുണ്ടല്ലോ എന്നാലോചിക്കുമ്പോള്‍ ഒരു വിഷമം. യൂത്ത് കോണ്‍ഗ്രസ്‌ മഹിള വിഭാഗം സെക്രട്ടരീ , കല്ലെറിയാന്‍ സ്വാഗതം.
ഗുരുദക്ഷിണ... തീര്‍ച്ചയായും പ്രതീക്ഷിക്കാം. എന്നോട് ഒരു വര്‍ഷം മുന്‍പ് പറഞ്ഞതാനെന്കിലും, ഇപ്പോഴെങ്കിലും ഞാന്‍ ബ്ലോഗ്‌ തുടങ്ങിയല്ലോ.

വെറുതെ, ...( ആനന്ദന്‍ ), താങ്കള്‍ പറഞ്ഞത് ശരിയാണ്. എല്ലാവര്ക്കും എളുപ്പവഴിയില്‍ പണം ഉണ്ടാക്കണം. അപ്പോള്‍ പുരോഗമനവും കവിതയും ഒന്നും തടസ്സമല്ല. ... അതെ, വീട്ടിലെ വരാന്തയില്‍ നിന്ന് തന്നെയാണ് ഈ ഫോടോ എടുത്തത്‌.

Sapna Anu B.George said...

Good attempts and great going, congrats

Unknown said...

Dear Ji

well done and simply done... But, follow it through and let it be a continuous one...nalla flow undu, nalla aatmaartthatayum....
Pinne taadi naracchaotte....manassu narakkaate noakkanam...pazhaya kaanjaanikkaaran tanne aanu nallatu...qatar kaaranu alpam cynicism kootutalaanu..appol telima(serenity) kurayum.

Chaechi entu paranju?

Ellaa bhavukangalum...

Kavita

ബഷീർ said...

കെ.വി,

ആദ്യമായി എല്ലാ ആശംസകളും നേരുന്നു.
തുടക്കം ഗംഭീരമായി..
ബ്ലോഗും ഒപ്പം കമന്റുകളും..

ബഷീർ said...

താങ്കളുടെ മെയിൽ അറ്റാച്ച്മെന്റ് വഴിയാണ് ആദ്യമായി നിർമല എന്ന എഴുത്തുകാരിയുടെ ബ്ലോഗ് സന്ദർശിക്കുന്നത്. അങ്ങിനെ അങ്ങിനെയാണ് ഒരു ബ്ലോഗ് തുടങ്ങാൻ കാരണമായത്. ഇപ്പോൾ താങ്കളുടെ ബ്ലോഗ് വായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം..

Sureshkumar Punjhayil said...

Ingineyullo Moscokal keralathilellayidathum undayirunnu... Manoharamayirikkunnu. Ashamsakal...!!!

mgradhakrishnan said...

"YOU ARE INHALING YOUR OWN PAIN"
-susan sontag
manohar
in loveing memory of great comrade
p.karat&p.vijayan
pp chindabad
markist party gindabad

m.g.radhakrishnan

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

താങ്കളൂടെ ആദ്യ പോസ്റ്റ് വായിച്ചു.നല്ല ശൈലി.നന്നായി എഴുതാനുള്ള കഴിവുണ്ട്.


പോസ്റ്റിലെ ആശയത്തോടു തീരെ യോജിപ്പില്ല.എങ്കിലും ആദ്യ പോസ്റ്റ് ആയതിനാൽ ഒരു സംവാദത്തിനു വരുന്നില്ല.

കൂടുതൽ പുതിയ വിഷയങ്ങളും പോസ്റ്റുകളും പ്രതീക്ഷിയ്ക്കുന്നു.

കണ്ണനുണ്ണി said...

എവിടെയോ കണ്ടു മറന്ന ഒരു സ്റ്റൈല്‍..
നന്നായി മാഷെ.. ഇഷ്ടായി എഴുത്ത്

Anindita said...

Manoharji, bhayangara nostalgic aanallo.. Ee Krishnankuttyettan Arabikkatha enna cinema kandittundo? He must be able to relate very well with it. I found it as a brilliant work which shows what the mentality of a true Communist is and how the present day party "stalwarts" think and act. It is also a classic example of how each system goes through a life cycle.. It comes into existence, flourishes, works with full vigour, achieves its purpose, then loses its relevance once that is achieved.
Oru nalla aashayavum marikkunnila.. (manasum narachallo enna last sentence vayichappo thonniyathaa). Please don't write or carry such dejected/depressed thoughts. It is easy to spread a mood or energy.

Echuvamma said...

Mano vibranthikalu eniyum orupadu kanumennu karuthunnu......Oronnayi Porattangine poratte....

Unknown said...

you are really nostalgic ..

CozyChap said...

nanniyirikkunnu......expecting more
Kabeer,ahamedul

വയനാടന്‍ said...

ഗംഭീര പോസ്റ്റ്‌;

"താടിയൊക്കെ നരച്ചു പൊയല്ലോ"


ആ ചോദ്യത്തിലുണ്ട്‌ ഒരു പാർട്ടിയുടെ ചരിത്രവും അതിനെ വളർത്തി വലുതാക്കിയ തലമുറയുടെ ഇന്നത്തെ നിസ്സഹായതയും,

Jayakrishnan said...

Moscow in Thrissur...!!!
That heading itself is a hit.

I'm not going to comment anything political.

I still remember the way people used to read (very loudly, that all others can hear clearly) the New Papers during the morning hours. (I was a music student at Padmanabhan Master's Music Class in Parakkad and used to see / hear this practically everyday...!!!)

And yes, your style of writting is of excellent quality. Instead of using this to air only the political issues, let us all try to write different topics and make this a smashing hit...

Unknown said...

നമസ്കാരം മനോഹര്‍ ജീ , സമയം കിട്ടുമ്പോഴെല്ലാം എഴുതാന്‍ ശ്രമിക്കണം, സ്വന്തം ജീവിതം സ്പര്‍ശിക്കാതെ ഒരൊറ്റ കൃതിയും പ്‌ുര്‍ണമാകില്ല, നിങ്ങളുടെ കാലഘട്ടത്തെ അറിയാന്‍ അല്പമെങ്കിലും പുതിയ തലമുറക്ക്‌ ഇത്തരം ബ്ലോഗുകള്‍ ഉപകരിക്കും, സ്വാഭാവികമായും രാഷ്ട്രീയം കടന്നു വരും പക്ഷെ അതൊന്നും അപരാധമാല്ലല്ലോ, അരാഷ്ട്രീയ വാദം എത്രത്തോളം നമുക്ക്‌ പ്രോത്സാഹിപ്പിക്കാന്‍ കഴിയും? വി.എസും പിണറായിയും മറ്റെല്ലാ സഖ്‌ാക്കളും നമ്മുടെ നാടിനോരുപാടു സംഭാവനകള്‍ നല്‍കിയവര്‍ തന്നെയാണ് ആര്‍ക്കോ എവിടെയോ തെറ്റിയോ?, കാലിടറിയോ?.. എല്ലാം കാലം തീരുമാനിക്കും. ഒരു കുടുംബത്തില്‍ പലതരക്കാരില്ലേ! ഗ്രിഹാതുരത്വം ഏറെ സ്പര്‍ശിച്ച മഴ ക്ലിപ്പ്‌ മനസ്സില്‍ നിറഞ്ഞു പെയ്യുന്നു!!! സമയം കിട്ടുമ്പോള്‍ സന്ദര്‍ശിക്കാം. ലാല്‍സലാം

മനോഹര്‍ കെവി said...

Dear Friends
If I start to thank one by one , I may need another Blog...

I wish to thank all those kind hearted friends who commented on my blog.

Thanks for the two calls from unknown friends - one from Riyadh and one from Bombay

Thank you Ramachandran, Sapna, Kavitha, Basheer , Aninditha (?), Suresh Punchayil, MG Radhakrishnan, Sunil Krishnan, Kannanunni, Echuvamma (?) , Nayakutti, Cozy Chap, Vayanaadan, Kannan (?) , Saheer .........

(?) means, I know the real names...but wanted to keep your identity.....

Nanmakal nerunnu...veendum ezhuthaaam

Malayalm fontilekku pakarthaan valiya budhimutte,, thats why I wrote the above in English

Sorry

mohan said...

ഹായ് ചങ്ങാതീ ..
മനോഹരമായിരിക്കുന്നു...
ഒരു പഴയകാല നാട്ടിന്‍ പുറം ഭംഗിയായി വരച്ചു കാട്ടിയിരിക്കുന്നു...
ഞങ്ങളുടെ നാട്ടിലും ഇത്തരം ചായ പീടിക ഉണ്ട്.
ഇന്ന് ആദര്‍ശം നഷ്ടപ്പെട്ട രാഷ്ട്രീയം ആണല്ലോ ഇന്ന്..
എന്തായാലും നന്നായിട്ടുണ്ട്..
ഈ ബ്ലോഗ്‌ പരിചയപ്പെടുത്തി തന്ന മാണിക്യത്തിനും നന്ദി...

Unknown said...

Dear manohar,

മലയാളം എഴുതാന്‍ എന്താണ് ബുദ്ധിമുട്ട് ? മൊഴി കീമേന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍ അത് ചെയ്യുക. ലിങ്ക് ഇവിടെ
Using Mozhi Keymap for Malayalam writing is the easiest way. After downloading and installing, you will see a diamond on the right hand bottom side (taskbar) of the desktop. Click on it and click on the Malayalam letter 'ka'. The diamond will change to 'ka'. From now on anything you type on the computer will be in Malayalam.

Unknown said...

തുടര്‍ന്ന് എഴുതുമല്ലോ...
സസ്നേഹം,

mini//മിനി said...

വായിച്ചു, വായിച്ചു പിന്നെ കമന്റ്‌കള്‍ വീണ്ടും വീണ്ടും വായിച്ചു. പഴയ ഓര്‍മ്മകളില്‍ മുങ്ങിത്തപ്പിയാല്‍ കിട്ടുന്നതിനെ ആധുനിക കാലത്തെ ഉല്പന്നങ്ങളുമായി ഒത്തു നോക്കിയാല്‍ പിന്നെ നേരം കിട്ടുന്നത് അന്തം വിടാന്‍ മാത്രമായിരിക്കും. കാലം മാറുക പ്രകൃതിനിയമമാണ്. പിന്നെ കാണ്ണൂര്‍‌ക്കാരിയായതിനാല്‍ രാഷ്ട്രീയത്തെപറ്റി പറഞ്ഞ് പുതിയ തീ കൊളുത്തുന്നില്ല. ഇനിയും എഴുതുക.

Firoz said...

നമസ്കാരം മനോഹര്‍ജി ...
വിഭ്രാന്തികള്‍ നന്നായിരിക്കുന്നു ...ആരാണ്ടൊക്കയോ ഇവിടെ പറഞ്ഞപോലെ സ്വന്തം ജീവിതം സ്പര്‍ശിക്കാതെ ഒരു കൃതിയും പൂര്‍ണമാകില്ല...ഇടയ്ക്കു പിണറായിയും അച്ചുമ്മാനും ഉമ്മന്‍ചാണ്ടിയും മുരളിയും എല്ലാം കടന്നു വന്നോട്ടെ ...താങ്കളുടെ ബ്ലോഗ്‌ ആസ്വദിക്കുന്ന അതെ രീതിയില്‍ കമ്മന്റുകളും ആസ്വദിക്കണമെങ്കില്‍ രാഷ്ട്രീയം ഉണ്ടെങ്കിലേ പറ്റൂ....മാധ്യമങ്ങള്‍ രാഷ്ട്രീയം മലയാളിയുടെ ദിനചര്യകളില്‍ ഉള്‍പ്പെടുത്തിയ സ്തിദിക്കു അത് അകറ്റി നിര്‍ത്തേണ്ട കാര്യവും ഇല്ലാ ...... എന്തായാലും ഷോക്കടിപ്പിക്കാത്ത വിഭ്രാന്തികള്‍ ഇനിയും പോന്നോട്ടെ ...
ഫിറോസ് ..

Unknown said...
This comment has been removed by the author.
ഷാഹുല്‍ പണിക്കവീട്ടില്‍ said...

എല്ലാം മായ! നമ്മള്‍ പുരോഗമന വാദിയാകുന്നതും പിന്നെ ഇത്തിരി വലംതിരിഞ്ഞ്‌ സംഘസഖാവുന്നതും മനോഹരമായ കാഴ്ചയാണ്.

കുറുമാന്‍ said...

ആദ്യമായാണ് ഈ ബ്ലോഗില്‍. ഇങ്ങനെ ഒരു ബ്ലോഗുള്ള കാര്യം മാണിക്യാമ്മ സൂചിപ്പിച്ചതും ഇല്ല.. ആദ്യമായി വന്ന സ്ഥിതിക്ക് ആദ്യത്തെ പോസ്റ്റില്‍ നിന്നു തന്നെ തുടങ്ങട്ടെ. നല്ല എഴുത്ത്. അക്ഷരതെറ്റുകള്‍ ശ്രദ്ധിക്കുമല്ലോ?

Prakash Menon said...

My Dear Manohar,
Not enough. Write more. Try not to mention any thing/any word on politics. Let the entire village appear in words of greatness and love.
Regards,
Prakash Menon,
Muscat

abhayam suresh said...

Dear Manohar,

'nannaye ezhuthiyitunnde'.
Many of my points, you had cleared in your previous replies (read all the comments and your replies too).

Communist virodhikal will take it as a weapon against the party, but guys like us, never treat it like that, we can really feel it.........

വിജിത... said...

നഗരം മാത്രം കണ്ടു വളര്‍ന്ന എന്നെ പോലെ ഉള്ളവര്‍ക്ക് ഇതൊക്കെ പുതിയ കാര്യങ്ങള്‍... കൊതി തോന്നുന്ന അനുഭവങ്ങള്‍.. രസകരമായ ശൈലി .. ഇനിയും എഴുതുക

ash said...

നാട് ഓടുമ്പോള്‍ നടുവെ ഓടണം എന്നല്ലേ അങ്ങനെ ഓടിയപ്പോള്‍ പുറകിലുള്ളവരെ മറന്നു.. മോസ്കോ നന്നായിട്ടുണ്ട്... ആശംസകള്‍ ....

Azeez . said...

മനോഹര്‍ 51 കമന്റ്സ് വന്നു. ഒന്ന് കൂടിയിരിക്കട്ടെ. ഇത്രയും ഏറു കിട്ടിയ ബ്ലോഗ്‌ ഉണ്ടോ എന്ന് സംശയമാണ്.
അത്ഭുതം തോന്നുന്നു. ഇതാണ് എഴുത്ത്. ക്രിയേറ്റിവിറ്റി. സൊ കൂള്‍ beautiful and nostalgic.
ഈ പൊക്കാളി കരുത്തില്‍ ഞാന്‍ അസൂയപ്പെടുന്നു
azeez

Sandhya S.N said...

The post really shows the clear distiction in the attitudinal change in our dear comnrades before and in the present. The change in the attitudes of an early communist who was proud on the party deciplines and the decisions later faced an unrealistic static attutude as if had nothing to be proud on party. The article is a well explained introduction to an essay which may be used for reconsidering the viewpoints of party towards various issues where the prime factor becomes the layman and his spirit to socialisation.
congrats and regards
sandhya

നിരക്ഷരൻ said...

ബ്ലോഗ് തുടങ്ങിയത് അറിഞ്ഞില്ല മാഷേ. ബൂലോകത്തേക്ക് സ്വാഗതം .

ചാറ്റല്‍ said...

കണ്ണില്‍ കരടുള്ളത് സത്യം
കരടെടുക്കാന്‍ വരുന്നവര്‍ കണ്ണിനെയാണ് ലക്ഷ്യമിടുന്നത്.
കണ്ണില്ലാതാകുന്നതിലും നല്ലത് ഉള്ള കരട് കണ്ണില്‍തന്നെ ഇരിക്കട്ടെ എന്ന് കരുതുന്നതാവും.
അതുതന്നെ, ഇടതുപക്ഷത്തോടുള്ള സ്നേഹക്കൂടുതലിനെയും സംശയിക്കേണ്ടിയിരിക്കുന്നു.
കാലവും ചരിത്രവും ഒഴുകുകയാണ് തെളിഞ്ഞും കലങ്ങിയും വീണ്ടും തെളിഞ്ഞും............
പഴയ കാലത്തേക്ക് ഒന്ന് തിരിഞ്ഞു നോക്കാന്‍ അവസരം തന്ന മനോഹര്‍ ജി നന്ദി.

smiley said...

കേരളത്തില്‍ ഇന്ന് രാമനും, മുഹമ്മ്തും പരസ്പരം വാളെടുക്കുന്നിലെങ്കില്‍ അതിനു മുഴുവന്‍ ക്രെഡിറ്റും
സമൂഹ നന്മക്കായി ചോരചിന്തിയവരക്കാന് , അതിനു പോരടിയവരോടു , ഈ സമൂഹം എന്നും കടപെട്ടിരിക്കുന്നു...
നിറം മങ്ങിയ കൃഷ്ണന്കുട്ടിച്ചേട്ടന്റെ ചിത്രങ്ങള്‍ ഇന്നത്തെ ഇടിവെട്ടുകാര്‍ തിരിച്ചറിഞ്ഞെങ്കില്‍..

Unknown said...

തൊണ്ണൂറുകള്‍ക്കു് മുമ്പുള്ള പാര്‍ട്ടിയെ ഇനി തിരികെലഭിക്കില്ല. ആഗോള, ഉദാരവത്കരണങ്ങള്‍ നമ്മുടെയൊക്കെ ജീവിതത്തേയും ജീവിതശൈലിയേയും ചുറ്റുപാടുകളേയും മാറ്റിക്കഴിഞ്ഞു. അതില്‍ നിന്നു് കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കു് മാത്രമായി ഒരു ഇന്‍സുലേഷനില്ല. പിന്നെ പഴയതെല്ലാം നല്ലതു്, ഇന്നത്തേതെല്ലാം തെറ്റു് എന്ന വാദം എത്രമാത്രം നിരര്‍ത്ഥകമാണു്? കാലം എല്ലാത്തിനേയും മാറ്റില്ലേ?
അവസാനത്തെ ആളായാലും ഞാന്‍ പറയും " I am a cammunist, I am a comrade" കാരണം കമ്യുണിസത്തിന്റെ നല്ല വശങ്ങള്‍ അറിയുകയും അനുഭവിക്കുകയും ചെയ്തതാണ്.
സ്നേഹത്തോടെ

CR PARAMESWARAN said...

താങ്കള്‍ അരിമ്പൂര്‍കാരനാണോ?alleast my roots are there..

ജിജ സുബ്രഹ്മണ്യൻ said...

കൃഷ്ണൻ കുട്ടിയേട്ടനു നേരിട്ട അനുഭവങ്ങൾ ആയിരിക്കാം അദ്ദേഹത്തെ നിഷ് ക്രിയൻ ആക്കിയത്.നാട്ടിൻ പുറത്തിന്റെ നന്മകൾ ഈ പോസ്റ്റിലൂടെ തെളിയുന്നു.ലാളിത്യമുള്ള എഴുത്ത് ,ഒഴുക്കുള്ള ഭാഷ.ഈ പോസ്റ്റ് കാണാൻ വൈകിയതിൽ വിഷമം തോന്നുന്നു.

Lathika subhash said...

രണ്ടു മൂന്നു പതിറ്റാണ്ടായി ഞാനും ഇത്തരം ഒരുപാട് കൃഷ്ണൻ കുട്ടിയേട്ടന്മാരെ കാണുന്നുണ്ട്. തങ്ങൾ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രങ്ങൾക്കു വേണ്ടി നിസ്വാർത്ഥമായി നിലകൊള്ളുന്നവർ. എല്ലാ പ്രസ്ഥാനങ്ങളിലുമുണ്ട് ഇത്തരക്കാർ. നന്നായി അവതരിപ്പിച്ചിരിക്കുന്നു, ഈ ജീവിത രേഖ.അഭിനന്ദനങ്ങൾ. സത്യൻ അന്തിക്കാടിന്റെ ചിത്രങ്ങളിൽ കാണുന്ന നാട്ടിൻപുറത്തിന്റെ നന്മ ഇവിടെയും കാണാനാവുന്നു.ഓ.. അയൽപക്കമല്ലേ?
ആശംസകൾ.

yemceepee said...

വളരെ നന്നായിട്ടുണ്ട്. ഇതു പോലെ ഒരു ചായക്കട ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു.
അന്ന് രാഷ്ട്രീയം പറഞ്ഞിരുന്ന കടകളില്‍ ഇന്ന് വലിയ അക്ഷരത്തില്‍ എഴുതി വെച്ചിരിക്കുന്നത് രാഷ്ട്രീയം പറയരുത് എന്നാണ്. അത്രത്തോളം ജനങ്ങള്‍ മടുത്തു.അന്നൊക്കെ കൊച്ചു കുട്ടി ആയിരിക്കുമ്പോള്‍ തന്നെ മുതിര്‍ന്നവരുടെ സംസാരത്തില്‍ കൂടി കുറച്ചൊക്കെ ഞങ്ങള്‍ക്കും രാഷ്ട്രീയത്തില്‍ താല്പര്യം ഉണ്ടായിരുന്ന.എ .കെ ജി. മരിച്ച ദിവസം ഞങ്ങളുടെ വീട്ടില്‍ കഞ്ഞിയും ചമ്മന്തിയും ആയിരുന്നു.അത്രയും ആരാധിച്ചിരുന്നു അന്ന് നേതാക്കളെ. എന്നാല്‍ ഇന്ന്.തലശ്ശേരിക്കാരി ആയിട്ടും കമ്മ്യുനിസ്റ്റ്‌ പാര്‍ട്ടിയെ പറ്റി.. ഇവിടങ്ങളിലെ നേതാക്കളെ പറ്റി പറയാന്‍ പോലും താല്പര്യമില്ല.അത്രയും മടുത്തു ഇന്നത്തെ രാഷ്ട്രീയം.പഴയ സ്മരണകള്‍ ഒരിക്കല്‍ കൂടി പുറത്തെടുക്കാന്‍ സഹായിച്ചതിന് നന്ദി . എല്ലാ ഭാവുകങ്ങളും നേരുന്നു. ഇനിയും പ്രതീക്ഷിക്കുന്നു .

Kaithamullu said...

മുന്‍പ് വായിച്ചിരുന്നു.
ഇന്ന് ഒന്നൂടി....

ചായക്കടയേയും അവിടത്തെ രാഷ്ടീ‍യ ചര്‍ച്ചകളേയും പറ്റി എന്നേക്കാള്‍ കൂടുതലാര്‍ക്കറിയാം?
-എന്റെ അച്ഛന്റെ തനി പകര്‍പ്പാണല്ലോ കൃഷ്ണങ്കുട്ടിയേട്ടണ്‍!!

Unknown said...

ചായക്കടകള്‍ നല്ല സാംസ്കാരിക കേന്ദ്രങ്ങള്‍ തന്നെയായിരുന്നു ഒരുകാലത്ത്, അതൊക്കെ പതുക്കെ മാഞ്ഞുകൊണ്ടിരിക്കുന്നു.

വിഡിയോ കണ്ടു കേട്ടോ, രസകരമായിരിക്കുന്നു.
കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പ് കൂട്ടത്തിലോ, മറ്റോ കണ്ടതായി ഓര്‍മ്മ.
അഭിനന്ദനങ്ങള്‍.

കുസുമം ആര്‍ പുന്നപ്ര said...

സുഹൃത്തെ ,,അല്ല ..സഖാവെ ..
കൊള്ളാം ...വയനാടന്‍ എഴുതിയ
കമന്റിനോട് യോജിക്കുന്നു ..
എന്‍റെ ഒരു കവിതയ്ക്ക് "അങ്ക പ്പു റ പ്പാട് "
ഭാനു കളരിക്കലിന്റെ കമന്റിനു ഞാന്‍
ഒരു മറുപടി ഇട്ടിട്ടുണ്ട് ..ഒന്നു നോക്കുക ..

പിന്നെ ഒരു കാര്യം
"മാവോ വാദി കള്‍ക്കുള്ള മറുപടി തന്നിട്ട് പൊകൂ "

കുസുമം ആര്‍ പുന്നപ്ര said...

write more
the date is seen to be in 2009
why ? u wrote in 2009?
and not published yet? why

ശ്രീനാഥന്‍ said...

എന്റെ ഗ്രാമത്തെക്കുറിച്ചാണു നിങ്ങൾ എഴുതിയത്, ‘മോസ്ക്കോ’ എന്നായിരുന്നു അതിനേയും വിളിച്ചിരുന്നത്. ഞാൻ ഇപ്പോൾ നാട്ടിൽ പോയാൽ നിങ്ങളുടെ അതേ അനുഭവമാണ്, അടുത്ത പല സഖാക്കളും രണ്ടു ഗ്രൂപ്പുകളിലായി നിൽക്കയാൽ ഗ്രൂപ്പില്ലാത്ത ഞാൻ വല്ലാതെ വിഷമിക്കാറുണ്ട്, പഴയ കാലം പോയി മനോഹർ, എങ്കിലും നല്ലോരു പോസ്റ്റിലൂടെ ഓർമിപ്പിച്ചതിനു നന്ദി

Satheesh Sahadevan said...

വളരെ നല്ല പോസ്റ്റ്‌ ആണ്..ഒരു കാലത്തെ ഓര്‍മ്മിപ്പിക്കുന്ന കൃഷ്ണന്കുട്ടിയേട്ടന്മാര്‍ നിശബ്ദരായത്‌ നിരാശകൊണ്ട്‌ മാത്രമാ..വസന്തം സ്വപ്നം കണ്ട പാവം നല്ല മനുഷ്യര്‍....പ്രത്യയ ശാസ്ത്രം കേട്ട് പഴകിയ ഭക്തിഗാനം പോലെ ഒട്ടും വകവയ്ക്കാതെ കോര്‍പ്പറേറ്റ് സഖാക്കള്‍ വിലസുന്ന ഈ കെട്ടകാലത്ത്‌ ജരാനരകള്‍ ബാധിച്ചു അല്ലെ എന്ന് മാത്രം ചോദിച്ചത് മറ്റൊന്നും കൊണ്ടല്ല; ഹൃദയത്തില്‍ കൊണ്ടുനടന്ന ഒരു വസന്തകാലത്തെ വൃത്തികെട്ട പുതിയ പുലയാട്ടുകളുമായി കൂടിക്കുഴച്ചു വെറുതെ മനസ് വേദനിപ്പിക്കുന്ന ഒരു ചര്‍ച്ച ഒഴിവാക്കാന്‍ വേണ്ടിയായിരികും... ചായക്കടകളിലെ രാഷ്ട്രീയം ചെമ്പട്ടുപുതച്ചു തോളിലേറ്റി നഗരത്തിന്നെ പ്രദക്ഷിണം വയ്ക്കുന്ന ഈ കെട്ട കാലത്ത് പഴയ മനുഷ്യ സ്നേഹികളെ ഓര്‍ത്തതിനും ഓര്‍മ്മിപ്പിച്ചതിനും സ്നേഹം..അഭിവാദ്യങ്ങള്‍...

ഖാദര്‍ said...
This comment has been removed by the author.
ഖാദര്‍ said...
This comment has been removed by the author.
ഖാദര്‍ said...

ഇത്തരം ചായക്കടക്കൂട്ടായ്മകള്‍ ഇല്ലാതായതോ അല്ലെങ്കില്‍ അതിനു പകരംവെക്കാവുന്ന തരത്തിലുള്ളതോ ആയ കൂട്ടായ്മകള്‍ ഇല്ലാതായതണ് നമ്മുടെ നാടിന്റെ പല പ്രശ്നങ്ങള്‍ക്കു കാരണമെന്ന് തോന്നിപ്പോകാറുണ്ട്
വായന ഇഷടപ്പെട്ടു

Suran said...

@absolute_void():-
സത്യനേശന്‍ :- സമ്മതിച്ചു, പാര്‍ട്ടി നടപടി എടുത്തത്‌ ആണ് .
കടകംപള്ളി - താങ്ങള്‍ ഊഹിച്ചതാണോ ? ...... അദേഹത്തെ നേരിട്ട് അറിയുന്നത് കൊണ്ട് ചോദിക്കുന്നത് ആണ് ? എന്ത് അടിസ്ഥാനത്തില്‍ ആണ് താങ്ങള്‍ അഴിമാതിക്കാരന്‍ എന്ന് വിശേഷിപ്പിക്കുന്നത് ?
@Manohar - well written, good start !

Anonymous said...

പാര്ട്ടി യെ നക്കിക്കൊല്ലാന്‍ നടക്കുന്നവരുടെ ശ്രദ്ധക്ക് ... കുളിപ്പിച്ച് കുളിപ്പിച്ച് കൊച്ചിനെ ഇല്ലാണ്ടാക്കരുത് !!!!

സാബു .

Trevorcvis said...

താങ്കളുടെ മെയിൽ അറ്റാച്ച്മെന്റ് വഴിയാണ് ആദ്യമായി നിർമല എന്ന എഴുത്തുകാരിയുടെ ബ്ലോഗ് സന്ദർശിക്കുന്നത്. അങ്ങിനെ അങ്ങിനെയാണ് ഒരു ബ്ലോഗ് തുടങ്ങാൻ കാരണമായത്. ഇപ്പോൾ താങ്കളുടെ ബ്ലോഗ് വായിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം..

Anonymous said...

മെയിലിൽ ലിങ്ക് കണ്ടപ്പോൾ തുറന്ന്നു നോക്കി. കാഞ്ഞാണി തൃശൂർ റൂട്ട് കണ്ടപ്പോൾ ആകാംക്ഷ. സമയം ഇല്ലാതിരിന്നിട്ടും വായിച്ചു. നന്നായിരിക്കുന്നു.